Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ കടകള്‍ ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിക്കും: മന്ത്രി ജി.ആര്‍ അനില്‍
03/04/2023
സപ്ലൈകോയുടെ ഉദയനാപുരത്തെ മാവേലി സ്റ്റോര്‍ സൂപ്പര്‍ മാവേലി സ്റ്റോറാക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കുന്നു.

വൈക്കം: പൊതുജനങ്ങള്‍ക്ക് എളുപ്പമാര്‍ഗം വന്നുപോകാന്‍ പറ്റിയ കെട്ടിട സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും എ.ടി.എം കാര്‍ഡ് കൗണ്ടറും ഉള്‍പ്പെടുത്തി കൊണ്ടുള്ള റേഷന്‍ കടകളാണ് ഇനി ഉണ്ടാകുകയെന്ന് ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഉദയനാപുരം സപ്ലൈകോയുടെ കീഴിലുള്ള മാവേലി സ്റ്റോര്‍ സൂപ്പര്‍ മാവേലി സ്റ്റോറായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നാനാടത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റേഷന്‍കടകളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാനും ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യാനും അളവ് തൂക്കങ്ങള്‍ പരാതിക്കിടയില്ലാതെ വിതരണ സൗകര്യം ഒരുക്കാനും നടപടി സ്വീകരിക്കുമെന്നും ഇതിനായി പ്രത്യേക പരിശോധന സംഘത്തെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍കടകളില്‍ 50 ശതമാനം പുഴുക്കലരിയും 50 ശതമാനം പച്ചരിയും വിതരണത്തിന് സജ്ജമാക്കാനുള്ള നടപടി സ്വീകരിക്കും. കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില പൂര്‍ണമായും വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ട് രാമന്‍, പഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, എം അബു, എം.കെ രവീന്ദ്രന്‍, ബി ശശിധരന്‍, പി.ഡി ജോര്‍ജ്, ടി.പി രാജലക്ഷ്മി, സാബു പി മണലൊടി, എം.സുല്‍ഫിക്കര്‍, വി.ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.