Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യഗ്രഹ ശതാബ്ദി: എസ്.എന്‍.ഡി.പി യൂണിയന്‍ വിളംബര പദയാത്രയില്‍ അണിനിരന്ന് ആയിരങ്ങള്‍
02/04/2023
എസ്.എന്‍.ഡി.പി യൂണിയന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ രണ്ടാം ദിവസത്തെ വിളംബര പദയാത്ര മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അധഃസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനും സാമൂഹ്യമാറ്റത്തിനും വേണ്ടി നടത്തിയ വൈക്കം സത്യഗ്രഹ സഹന സമരം ലോകശ്രദ്ധ പിടിച്ചുപറ്റിയ ചരിത്രസമരമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ. എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള രണ്ടാം ദിവസത്തെ വിളംബര പദയാത്ര ഇടവട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാചാരങ്ങളും തൊട്ടുകൂടായ്മയും നിലനിന്ന കാലത്ത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ധീരദേശാഭിമാനി ടി.കെ മാധവന്‍ എ.ഐ.സി.സി സമ്മേളനത്തില്‍ ആയിത്തോച്ചാതന പ്രമേയം അവതരിപ്പിച്ചതിന്റെ പിന്‍ബലത്തിലാണ് വൈക്കം സത്യഗ്രഹ സമരം രൂപംകൊള്ളുകയും പിന്നോക്ക ജന വിഭാഗങ്ങളുടെ മോചനത്തിന് വഴി തുറന്നു കിട്ടുകയും ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുദേവന്റെ ഛായചിത്രം അലങ്കരിച്ചുവെച്ച രഥത്തിനു പിന്നില്‍ 54 ശാഖയോഗങ്ങളിലെ ആയിരക്കണക്കിന് ശ്രീനാരായണീയര്‍ അണിനിരന്നു. പീതവര്‍ണ വസ്ത്രങ്ങളും തൊപ്പിയും ധരിച്ചെത്തിയ പദയാത്രികര്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് വിവിധ ശാഖകളുടെ മേഖലകള്‍ താണ്ടി വൈക്കത്ത് എത്തിച്ചേര്‍ന്നത്. വേനല്‍ ചൂടിന്റെ തീഷ്ണത വകവെയ്ക്കാതെയാണ് പദയാത്രികര്‍ ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങിയത്. ഓരോ ശാഖകളിലും പദയാത്രികര്‍ക്ക് ഉഷ്മളമായ സ്വീകരണം നല്‍കി. ദാഹമകറ്റാന്‍ കുടിനീരും വിതരണം ചെയ്തു. മുഴുവന്‍ ശാഖകളിലെയും ഭാരവാഹികള്‍, വനിത സംഘം ഭാരവാഹികള്‍, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍, പോഷകസംഘടന ഭാരവാഹികള്‍ എന്നിവരും പദയാത്രയില്‍ അണിനിരന്നു. എസ്.എന്‍.ഡി.പി യോഗം 662-ാം നമ്പര്‍ ഇടവട്ടം ശാഖയില്‍ നിന്നാണ് രണ്ടാം ദിവസത്തെ വിളംബര പദയാത്ര പുറപ്പെട്ടത്. സമ്മേളനത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരി, മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറി എന്‍.കെ രമണന്‍, മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍ ഉല്ലാസ്, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ബോര്‍ഡ് മെമ്പര്‍ രാജേഷ് മോഹന്‍, ഇടവട്ടം ശാഖാ പ്രസിഡന്റ് സന്തോഷ് കുമാര്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ രമേഷ് പി.ദാസ്, ബിജു കൂട്ടുങ്കല്‍, സെന്‍ സുഗുണന്‍, എം.പി ബിജു, എം.എസ് രാധാകൃഷ്ണന്‍, മധു പുത്തന്‍തറ, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് പി.വി വിവേക്, വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീജ സാബു, വൈസ് പ്രസിഡന്റ് രമ സജീവ്, സെക്രട്ടറി സിനി പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നാമത്തെ പദയാത്ര തിങ്കളാഴ്ച രാവിലെ 8.30ന് കാട്ടിക്കുന്നില്‍ കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യും.