Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വാസ സ്മരണയില്‍ ഓശാന ഞായര്‍ ആചരിച്ചു
02/04/2023
വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ ഓശാന ഞായറാഴ്ച വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറയില്‍ നിന്നും വിശ്വാസികള്‍ കുരുത്തോലകള്‍ ഏറ്റുവാങ്ങുന്നു.

വൈക്കം: വിശ്വാസത്തിന്റെ ദീപ്തസ്മരണകളോടെ വൈക്കത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആചരിച്ചു. വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കീഴിലുള്ള ഇരുപതോളം ഇടവക ദേവാലയങ്ങളില്‍ ഓശാനയുടെ ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഒരാഴ്ച നീളുന്ന വിശുദ്ധ വാരാചരണത്തിന്റെ സമാരംഭം കുറിക്കുന്നതായിരുന്നു ഓശാനയുടെ ചടങ്ങുകള്‍. പള്ളികളില്‍ രാവിലെ ദാവീദിന്റെ പുത്രന് സ്തുതിഗീതങ്ങള്‍ പാടി പ്രാര്‍ത്ഥന അര്‍പ്പിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്. അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കുരുത്തോലകള്‍ വൈദികര്‍ വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. യേശുക്രിസ്തു ജെറുസലേം ദേവാലയത്തിലേക്ക് നടത്തിയ രാജകീയ പ്രവേശനത്തിന്റെ ഓര്‍മ പുതുക്കിയാണ് ക്രൈസ്തവ ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിച്ചത്.
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍  കുരിശുപള്ളിയില്‍ വച്ച് വികാരി ഫാ. ബര്‍ക്കുമാന്‍സ് കോടയ്ക്കല്‍, സഹവികാരി എബിന്‍ എടശ്ശേരി കുരുത്തോലകള്‍ വെഞ്ചരിച്ച് വിശ്വാസികള്‍ക്ക്  വിതരണം ചെയ്തു. വൈദികന്റെ കൈ ചുംബിച്ച് വിശ്വാസികള്‍ കുരുത്തോലകള്‍ ഏറ്റുവാങ്ങി. ഓരോ ദേവാലയങ്ങളിലും രാവിലെ 6.30ന് ഓശാന ഞായറാഴ്ചയുടെ ചടങ്ങുകള്‍ തുടങ്ങി. വിശുദ്ധ ഗ്രന്ഥം വായന, പ്രഭാഷണം, പാട്ട് കുര്‍ബാന എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. വൈക്കം ടൗണ്‍ നടേല്‍ പള്ളിയിലെ ഓശാന ഞായറിന്റെ ചടങ്ങുകള്‍ വെല്‍ഫെയര്‍ സെന്ററിലാണ് തുടങ്ങിയത്. പ്രത്യേകം ഒരുക്കിയ വേദിയില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ കുരുത്തോലകള്‍ വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണം നടത്തി. നടേല്‍ പള്ളിയിലെത്തിയ പ്രദക്ഷിണം പൗരാണികമായ ആചാരങ്ങളോടെ പള്ളിയുടെ പ്രധാന കവാടം തുറന്ന് വിശ്വാസികള്‍ പ്രവേശിച്ചു. കുര്‍ബാനയും മറ്റു ചടങ്ങുകളും നടന്നു.  
വെച്ചൂര്‍ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയില്‍ ഫാ. കോലോത്തുവള്ളി ജെയ്‌സണ്‍, ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ ഫാ. ഹോര്‍മിസ് തോട്ടക്കര, ചെമ്മനാകരി മേരി ഇമ്മാക്യുലേറ്റ് പള്ളിയില്‍ ഫാദര്‍ ഷൈജു ഓട്ടോക്കാരന്‍, ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയില്‍ വികാരി ജോസഫ് പള്ളിപ്പാട്ട്, ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ വികാരി ഏലിയാസ് ചക്യത്ത്, കൊതവറ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ വികാരി ജോസഫ് കണ്ണമ്പുഴ,   കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വികാരി ജെയ്സണ്‍ ചിറപ്പടിക്കല്‍, കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയില്‍ വികാരി സെബാസ്റ്റ്യന്‍ മാണിക്കത്താന്‍, മേവെള്ളൂര്‍ മേരി ഇമ്മാക്യുലേറ്റ് പള്ളിയില്‍ വികാരി തോമസ് സില്ലിയ്ക്കല്‍, പൊതി സെന്റ് ആന്റണീസ് പള്ളിയില്‍ വികാരി പോള്‍ കോട്ടയ്ക്കല്‍, തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വികാരി വര്‍ഗീസ് ചിറപറമ്പില്‍, തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ വികാരി റോമുളൂസ് നെടുംചാലില്‍, ടി.വി പുരം തിരുഹൃദയ ദേവാലയത്തില്‍ വികാരി വര്‍ഗീസ് മടപ്പാടന്‍, ഉദയനാപുരം സെന്റ് ജോസഫ് പള്ളിയില്‍ വികാരി ജോഷി ചിറയ്ക്കല്‍, ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമാക്കുലേറ്റ് പള്ളിയില്‍ ഫാ. ആന്റണി ആപ്പാടന്‍,  ഉല്ലല സെന്റ് ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ വികാരി വിന്‍സെന്റ് പറമ്പിത്തറ, വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ വികാരി ജോണ്‍സണ്‍ കൂവേലി, വല്ലകം സെന്റ് മേരീസ് പള്ളിയില്‍ വികാരി ആന്റണി കോട്ടയ്ക്കല്‍ വെല്‍ഫെയര്‍ സെന്ററില്‍ ഫാ. ഏലിയാസ് ചക്യത്ത് എന്നിവര്‍  ഓശാനയുടെ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികരായിരുന്നു.