Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹം രാജ്യത്തിന് വഴികാട്ടിയ പോരാട്ടം: മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍
02/04/2023
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിനായി വൈക്കം ബീച്ചിലെ വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും എത്തിയപ്പോള്‍.

വൈക്കം: വൈക്കം സത്യഗ്രഹം രാജ്യത്തിന് വഴി കാട്ടിയ പോരാട്ടമായിരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനൊപ്പം തമിഴ് നാടിന്റെ സാമൂഹിക മാറ്റത്തിനും വൈക്കം സത്യഗ്രഹം സഹായകമായി. തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും അയിത്തത്തിനും എതിരായി നടന്ന വൈക്കം സത്യഗ്രഹം തന്റെ അയിത്തത്തിനെതിരായ സമരത്തിന് കരുത്തേകിയതായി ഡോ. ബി.ആര്‍ അംബേദ്കര്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈറോഡിലും ശുചീന്ദ്രത്തിലും തിരുവണ്ണാമലയിലും മധുരയിലും മയിലാടുതുറയിലും ക്ഷേത്ര പ്രവേശനത്തിനായി നടന്ന സമരങ്ങള്‍ക്ക് കാരണമായത് വൈക്കം സത്യഗ്രഹമാണ്. വൈക്കത്തിന്റെ മണ്ണില്‍ നില്‍ക്കുന്നത് അഭിമാനമായി കാണുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. മഹാത്മാ ഗാന്ധി, പെരിയാര്‍, ടി.കെ മാധവന്‍ തുടങ്ങിയവര്‍ നല്‍കിയ സംഭാവനകളെ അദ്ദേഹം സ്മരിച്ചു. മലയാളത്തിലാണ് സ്റ്റാലിന്‍ പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് തമിഴിലേക്ക് മാറി.
ശ്രീനി എടവണ്ണ ഒരുക്കിയ സ്റ്റാലിന്റെ തടിയില്‍ കൊത്തിയ ഛായാരൂപം മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപഹാരമായി സ്റ്റാലിനു സമര്‍പ്പിച്ചു. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപം സ്റ്റാലിന് സാംസ്‌കാരിക വകുപ്പിന്റെ ഉപഹാരമായി മന്ത്രി സജി ചെറിയാന്‍ സമ്മാനിച്ചു. മുഖ്യമന്ത്രിക്ക് മന്ത്രി വി.എന്‍ വാസവനും ഉപഹാരം കൈമാറി. ഇരു മുഖ്യമന്ത്രിമാര്‍ക്കുമുള്ള വൈക്കം ജനതയുടെ ഉപഹാരം സി.കെ ആശ എംഎല്‍എ സമ്മാനിച്ചു. വലിയകവലയില്‍ സത്യഗ്രഹികളുടെയും നവോത്ഥാന നായകരുടെയും പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വൈക്കം ബീച്ചില്‍ സമ്മേളനം നടന്നത്.