Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി മഹോത്സവത്തിന് മുന്നോടിയായി എന്‍.എസ്.എസ് നേതൃത്വത്തില്‍ നടന്ന കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി.
23/11/2015
വൈക്കത്തഷ്ടമി കൊടിയേററിന് മുന്നോടിയായി എന്‍.എസ്.എസ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന കുലവാഴ പുറപ്പാട്
അഷ്ടമി മഹോത്സവത്തിന് മുന്നോടിയായി എന്‍.എസ്.എസ് നേതൃത്വത്തില്‍ നടന്ന കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി. വൈകുന്നേരം നാലിന് വഴുതനക്കാട് സരസ്വതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഘോഷയാത്ര മഹാദേവ ക്ഷേത്രത്തില്‍ എത്തി കൊടിമരച്ചുവട്ടില്‍ താലങ്ങളും വാഴക്കുലകളും കരിക്കിന്‍കുലകളും സമര്‍പ്പിച്ചു. പിന്നീട് ക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങളില്‍ കരിക്കിന്‍കുലകളും വാഴക്കുലകളും കെട്ടി അലങ്കരിച്ചു. അഷ്ടമി ഉത്സവത്തിന്റെ കൊടിയേററിന് മുന്നോടിയായി ക്ഷേത്രം വര്‍ണ്ണാഭമാക്കുവാന്‍ നടത്തുന്ന ചടങ്ങാണ് കുലവാഴ പുറപ്പാട്. താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ സഹകരണത്തോടെ ടൗണ്‍ മേഖലയിലെ കിഴക്കുംചേരി നടുവിലെമുറി, കിഴക്കുംചേരി തെക്കേമുറി, പടിഞ്ഞാററുംചേരി പടിഞ്ഞാറെമുറി, പടിഞ്ഞാററുംചേരി തെക്കേമുറി, കിഴക്കുംചേരി വടക്കേമുറി, പടിഞ്ഞാററുംചേരി വടക്കേമുറി എന്നീ കരയോഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് കുലവാഴ പുറപ്പാടും താലപ്പൊലിയും നടത്തിയത്. പഞ്ചവാദ്യം, ചെണ്ടമേളം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍, കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് കുലവാഴകളും, കരിക്കിന്‍കുലകളും ക്ഷേത്രത്തിലേക്ക് എത്തിച്ചത്. വഴുതനക്കാട് സരസ്വതി ക്ഷേത്രത്തില്‍ നിന്നും തോട്ടുവക്കം, തെക്കേനട, പടിഞ്ഞാറെനട വഴി വടക്കേനടയില്‍ക്കൂടിയാണ് കുലവാഴ പുറപ്പാട് മഹാദേവ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഘോഷയാത്രയില്‍ കേരളീയ വേഷമണിഞ്ഞ് ആയിരക്കണക്കിന് വനിതകള്‍ പങ്കെടുത്തു.