Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒരുമിച്ചുള്ള പോരാട്ടത്തില്‍ വലിയ മാതൃകയാണ് വൈക്കം സത്യഗ്രഹം: മുഖ്യമന്ത്രി പിണറായി വിജയന്‍
02/04/2023
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കം ബീച്ചില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം ചേര്‍ന്നു നിര്‍വഹിക്കുന്നു.

വൈക്കം: പോരാട്ടത്തില്‍ ഒന്നിച്ചു നില്‍ക്കുക എന്ന വലിയ മാതൃകയാണ് വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ചതെന്നും തമിഴ് നാടും കേരളവും അതില്‍ ഒരുമിച്ചു നിന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കം ബീച്ചില്‍ നടന്ന സമ്മേളനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പരിഷ്‌കരണ നവോത്ഥാന ധാരയും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും സമന്വയിച്ചു എന്നതാണ് വൈക്കം സത്യഗ്രഹത്തെ മറ്റു നവോത്ഥാന ധാരകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന്റെ പ്രൗഢിക്ക് ഒത്ത സ്മാരകം വൈക്കത്ത് സംസ്ഥാന സര്‍ക്കാര്‍ തന്നെ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും ഉള്‍പ്പെടെയുള്ളവരുടെ ചൈതന്യവത്തായ സന്ദേശങ്ങളുടെ പ്രചോദനമില്ലായിരുന്നുവെങ്കില്‍ വൈക്കം സത്യഗ്രഹം പോലൊരു പുരോഗമന മുന്നേറ്റമുണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു. പിആര്‍ഡി പുറത്തിറക്കുന്ന വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പ് പ്രകാശനം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനു നല്‍കി മുഖ്യമന്ത്രി പിണറായി വിജയനും, ശതാബ്ദി ലോഗോ പ്രകാശനം സി.കെ. ആശ എംഎല്‍എയ്ക്കുനല്‍കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും നിര്‍വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ശതാബ്ദി ആഘോഷ രൂപരേഖ അവതരിപ്പിച്ചു.
മന്ത്രിമാരായ സജി ചെറിയാന്‍, കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍ കുട്ടി, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംപിമാരായ ടി.ആര്‍ ബാലു, ബിനോയ് വിശ്വം, ജോസ് കെ മാണി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, പി രാമഭദ്രന്‍, കെ സോമപ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
എംഎല്‍എമാരായ അഡ്വ. ജോബ് മൈക്കിള്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ എസ് സുബ്രഹ്‌മണ്യന്‍, ജില്ലാ കലക്ടര്‍ ഡോ. പി.കെ ജയശ്രീ, വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, നഗരസഭാംഗം ബിന്ദു ഷാജി എന്നിവര്‍ സന്നിഹിതരായിരുന്നു.