Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം
02/04/2023
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് വലിയകവലയില്‍ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പുഷ്പാര്‍ച്ചന നടത്തുന്നു.

വൈക്കം: വൈക്കം സത്യഗ്രഹസമരത്തിന്റെ മുന്നണിയില്‍നിന്ന നേതാക്കള്‍ക്ക് ആദരവ് അര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാരിന്റെ 603 ദിവസം നീണ്ടുനില്‍ക്കുന്ന സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചേര്‍ന്ന് വൈക്കം വലിയകവലയില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി, തന്തൈ പെരിയോര്‍, ടി.കെ മാധവന്‍, മന്നത്ത് പത്മനാഭന്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. സത്യഗ്രഹികളായ കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപ്പണിക്കര്‍, ആമച്ചാടി തേവര്‍, രാമന്‍ ഇളയത് എന്നിവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിലും നവോത്ഥാന നായകന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ട് നിര്‍മിച്ച സ്തൂപത്തിലും പുഷ്പാര്‍ച്ചന നടത്തി. ആദ്യമെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ മുഖ്യമന്ത്രി പിണറായി വിജയനും പൊന്നാടയണിയിച്ച് സ്വീകരിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, വി.എന്‍ വാസവന്‍, അഹമ്മദ് ദേവര്‍കോവില്‍, അഡ്വ. ആന്റണി രാജു, കെ കൃഷ്ണന്‍ കുട്ടി, കെ രാധാകൃഷ്ണന്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ്, തോമസ് ചാഴികാടന്‍ എംപി, സി.കെ ആശ എംഎല്‍എ, വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ കലക്ടര്‍ ഡോ. പി.കെ ജയശ്രീ എന്നിവര്‍ അനുഗമിച്ചു. വൈക്കം വലിയകവലയിലെ സ്മാരക നടയില്‍ വച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം നല്‍കി.