Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹം സാംസ്‌കാരിക കേരളത്തിന്റെ തിലകക്കുറി: കത്തോലിക്ക ബാവ
30/03/2023
ശിവഗിരി മഠവും ഗുരുധര്‍മ പ്രചരണസഭയും സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ കേന്ദ്രതല ഉദ്ഘാടനം വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിതീയന്‍ കത്തോലിക്ക ബാവ നിര്‍വഹിക്കുന്നു.
വൈക്കം: സാംസ്‌കാരിക കേരളത്തിന്റെ തിലകക്കുറിയും തിരുവിതാംകൂറിലെ മഹത്തരമായ വിപ്ലവവും ആയിരുന്നു വൈക്കം സത്യഗ്രഹമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിതീയന്‍ കത്തോലിക്ക ബാവ. ശിവഗിരി മഠവും ഗുരുധര്‍മ പ്രചരണസഭയും സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ കേന്ദ്രതല ഉദ്ഘാടനം ചെയ്യുകയായിരുന്നു കത്തോലിക്ക ബാവ. ശ്രീനാരായണ ഗുരുവിന്റെ വിശ്വസാഹോദര്യത്തിന്റെ കാഹളമാണ് അന്നിവിടെ മുഴങ്ങിയത്. നവോത്ഥാന കേരളത്തിന്റെ പൊന്‍തൂവലായി അത് ഇന്നും പ്രശോഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടി.കെ മാധവനും ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ച അയിത്തോച്ചാടനത്തിന്റെ വിത്തുപാകി. കേരളത്തിലെ ആദ്യ  സമരരക്തസാക്ഷിയാണ് ചിറ്റേടത്ത് ശങ്കുപ്പിള്ള. സാമൂഹ്യ നവോത്ഥാനത്തിന്റെ നാഴികക്കല്ലായി മാറിയ വൈക്കം സത്യഗ്രഹത്തെക്കുറിച്ച് കൂടുതല്‍ സമരങ്ങളും ഗവേഷണങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ടി.കെ മാധവന്റെ ഉജ്വലമായ സംഘടനാപാടവത്തിലൂടെ വര്‍ണവ്യവസ്ഥ സൃഷ്ടിച്ച ഇരുള്‍ നീക്കാന്‍ നടന്ന ഉജ്വല പോരാട്ടമാണ് വൈക്കം സത്യഗ്രഹമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. ജീവിതത്തില്‍ ജയിക്കാന്‍ കേരളത്തെ പഠിപ്പിച്ച ഗുരുക്കന്‍മാരുടെ ഗുരുവാണ് ശ്രീനാരായണ ഗുരു. ഇന്‍ഡ്യയിലെ ഒരേയൊരു സാമൂഹ്യ രാഷ്ട്രീയ ഗുരുവാണ് ഗാന്ധിജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന സമ്മേളനത്തില്‍ ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിച്ചു. വൈക്കം സത്യഗ്രഹത്തെക്കുറിച്ചുള്ള ലഘുലേഖയുടെ പ്രകാശനം സിനിമാനടന്‍ ദേവന്‍ നിര്‍വഹിച്ചു. സി.കെ ആശ എം.എല്‍.എ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, ആര്‍ സന്തോഷ്, അഡ്വ. വി.കെ മുഹമ്മദ്, മനോ ബി.മനോഹരന്‍, ബിജു വാസ്, ഇ.കമലാസനന്‍, പുത്തൂര്‍ ശോഭനന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.കെ മാധവന്റെ ചെറുമകളായ ഡോ. വിജയാ നായരെ സമ്മേളനം ആദരിച്ചു. വലിയകവലയിലെ ടി.കെ മാധവന്‍ സ്‌ക്വയറില്‍ പുഷ്പാര്‍ച്ചനയ്ക്കും സമൂഹ പ്രാര്‍ത്ഥനക്കും ശേഷമുള്ള വിളംബര യാത്രയോടെയാണ് സമ്മേളനം ആരംഭിച്ചത്.