Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിമാര്‍ നേരിട്ടെത്തി
25/03/2023
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കം വിലയിരുത്താനെത്തിയ മന്ത്രിമാരായ സജി ചെറിയാന്‍, വി.എന്‍ വാസവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാന വേദിയായ വൈക്കം ബീച്ചിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു. സി.കെ ആശ എംഎല്‍എ സമീപം.

വൈക്കം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പങ്കെടുക്കുന്ന ഏപ്രില്‍ ഒന്നിന് നടക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കം മന്ത്രിമാരായ സജി ചെറിയാന്‍, വി.എന്‍. വാസവന്‍ എന്നിവര്‍ വിലയിരുത്തി. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി. പോലീസ് പ്രത്യേക സുരക്ഷാ പ്ലാന്‍ തയാറാക്കിയതായും 1460 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.
അരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘത്തെ വിവിധ സ്ഥലങ്ങളിലായി വിന്യസിക്കും. കായലിലടക്കം സുരക്ഷയ്ക്കായി 10 സ്‌കൂബ ടീമിനെ അഗ്‌നി രക്ഷാസേന നിയോഗിക്കും. പ്രധാന പന്തലില്‍ 15,000 പേര്‍ക്ക് ഇരിപ്പിട സൗകര്യമൊരുക്കും. ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാന്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ എല്‍.ഇ.ഡി വോളുകള്‍ സ്ഥാപിക്കും. ശുചിത്വമിഷനും നഗരസഭയും ഹരിത കര്‍മ സേനയും ചേര്‍ന്ന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കി ശുചീകരണ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍-സ്വകാര്യ ആംബുലന്‍സ് സേവനമുണ്ടാകും. മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവുമുണ്ട്. ജില്ലയില്‍ നിന്ന് 50,000 കുടുംബശ്രീ പ്രവര്‍ത്തകര്‍ ആഘോഷപരിപാടിയില്‍ പങ്കാളികളാകും.
വൈക്കം ബീച്ചിലെ പ്രധാന വേദിയിലും നഗരത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാര്‍ നേരിട്ടെത്തി വിലയിരുത്തി. അവലോകന യോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, സി.കെ ആശ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, മുന്‍ എംഎല്‍എ വൈക്കം വിശ്വന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ കലക്ടര്‍ ഡോ. പി.കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്, വൈക്കം എസിപി നകുല്‍ ദേശ്മുഖ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ആര്‍.ഡി.ഒ പി.ജി രാജേന്ദ്ര ബാബു, തഹസില്‍ദാര്‍ ടി.എന്‍ വിജയന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.