Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കള്ള് വ്യവസായം പ്രതിസന്ധിയില്‍; സര്‍ക്കാര്‍ നിസംഗത വെടിയണം: കെ.പി രാജേന്ദ്രന്‍
18/03/2023
കേരള സ്റ്റേറ്റ് മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന സമ്മേളനം വൈക്കത്ത് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കള്ള് ചെത്തു വ്യവസായ മേഖലയും തൊഴില്‍രംഗവും വന്‍പ്രതിസന്ധിയെ നേരിടുകയാണെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. കേരള സ്റ്റേറ്റ് മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) 11-ാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ള് വ്യവസായത്തെ ആശ്രയിച്ചു കഴിയുന്ന അരലക്ഷത്തോളം കുടുംബങ്ങള്‍ ഇതുമൂലം ജീവിത പ്രയാസങ്ങള്‍ നേരിടുകയാണ്. വ്യവസായ മേഖലയും തൊഴില്‍ രംഗവും പ്രതിസന്ധികളെ നേരിടുമ്പോള്‍ ഇതിന്റെ ഗൗരവം സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്ന് കെ.പി രാജേന്ദ്രന്‍ ആരോപിച്ചു. എല്‍ഡിഎഫ് അംഗീകരിച്ച മദ്യനയത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. വീര്യം കൂടിയ മദ്യം ക്രമേണ കുറച്ചു കൊണ്ടുവരുകയും വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുകയും എന്നതിനു പകരം വീര്യം കൂടിയ വിദേശ മദ്യശാലകള്‍ വ്യാപകമാക്കുകയാണ്. ഇത് കള്ളു ചെത്ത് വ്യവസായത്തിന്റെ നാശത്തിന് വഴിയൊരുക്കുമെന്നും സര്‍ക്കാരിന്റെ നിലപാടുകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കേണ്ടി വരുമെന്നും ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി രാജു അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്‌സി. അംഗം സി.കെ ശശിധരന്‍, ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍, വി സലിം കുമാര്‍, ആര്‍ സുശീലന്‍, ടി.എന്‍ രമേശന്‍, ഡി രഞ്ജിത് കുമാര്‍, കെ.കെ രാമഭദ്രന്‍, സി.കെ ആശ എംഎല്‍എ, പി.പി ജോയ്, ബാബു കെ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.