Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ടുകായലിലും പുത്തൻ കായലിലും ശുചീകരണ ജോലികൾ തുടങ്ങി
17/03/2023
വേമ്പനാട്ട് കായലിലും പുത്തൻകായലിലും നീരൊഴുക്കു തടസപ്പെടുത്തുന്ന കടകൽപുല്ലും കുറ്റികളും നീക്കുന്നതിന്റെ പ്രവർത്തന ഉദ്ഘാടനം വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ നിർവഹിക്കുന്നു.

വൈക്കം: വെച്ചൂർ പഞ്ചായത്ത് പരിധിയിൽ വേമ്പനാട്ടുകായലിലും പുത്തൻ കായലിലും നീരൊഴുക്കു തടസപ്പെടുത്തുന്ന കടകൽപുല്ലും കുറ്റികളും നീക്കാൻ ആരംഭിച്ചു. വെച്ചൂർ പഞ്ചായത്ത് പരിധിയിൽ ഏഴര കിലോമീറ്റർ ദൂരം നീരൊഴുക്കു തടസപ്പെടുത്തുന്ന കടകൽപുല്ലും കുറ്റികളും നീക്കാൻ പഞ്ചായത്ത് 17.50 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്. വേമ്പനാട്ട് കായലിലും പുത്തൻ കായലിലും പോള പായലും കടകൽപുല്ലും വളർന്നു തിങ്ങിയതോടെ ഏതാനും മാസങ്ങളായി ജലഗതാഗതം തടസപ്പെട്ട അവസ്ഥയിലായിരുന്നു. മത്സ്യ, കക്കാ തൊഴിലാളികൾക്ക് വള്ളമിറക്കാനാവാതെ വന്നതോടെ ഉപജീവനം വഴി മുട്ടി. 750 ഏക്കർ വിസ്തൃതിയുള്ള പുത്തൻകായൽ തുരുത്തിൽ വിവിധ പണികൾക്കായി പോകുന്ന കർഷക തൊഴിലാളികളുടെയും പണിമുടങ്ങി. പോള പായലും പുല്ലും തിങ്ങിയതോടെ വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയായി. ഒഴുക്കു നിലച്ച കായലിൽ പായൽ കെട്ടിക്കിടന്ന് ചീഞ്ഞു ദുർഗന്ധം വമിച്ചതോടെ കായലോരവാസികളുടേയും ജീവിതം ദുരിതപൂർണമായി. ജലം മലിനമായതോടെ കായലിൽ കുളിക്കാനിറങ്ങുന്നവരുടെ ദേഹം ചൊറിഞ്ഞു തടിക്കുന്ന അവസ്ഥയുണ്ടായി. ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സാങ്കേതിക തടസങ്ങൾ നീക്കി ജലാശയത്തിലെ തടസങ്ങൾ നീക്കുന്ന പദ്ധതി ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ പറഞ്ഞു. തണ്ണീർമുക്കം ബണ്ടിന് തെക്കുഭാഗത്ത് പുത്തൻ കായലിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻിങ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാജു, സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് ഷിബു, മുൻ പഞ്ചായത്ത് അംഗം പി.ജി ഷാജി, അനിൽകുമാർ എന്നിവർ സംബന്ധിച്ചു.