Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന പോരാട്ടത്തിന്റെ ചരിത്രമാണ് വൈക്കം സത്യഗ്രഹം: മന്ത്രി വി.എന്‍ വാസവന്‍
17/03/2023
വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പൊതുവഴിയിലൂടെ മനുഷ്യര്‍ക്കെല്ലാം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന്റെ ത്യാഗോജ്വലമായ പോരാട്ടങ്ങള്‍ ശരിയായ രീതിയില്‍ അടയാളപ്പെടുത്താനാണ് വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി വാര്‍ഷികാഘോഷം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ മാധവന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച വൈക്കം സത്യഗ്രഹത്തില്‍ മഹാത്മാഗാന്ധിയുടെയും ശ്രീനാരായണ ഗുരുവിന്റെയും സാന്നിധ്യവും പെരിയോര്‍, മന്നത്ത് പത്മനാഭന്‍, കെ.പി കേശവമേനോന്‍ തുടങ്ങി നിരവധി പേരുടെ പോരാട്ടമാണ് വൈക്കം സത്യഗ്രഹം. ആ സമരചരിത്രത്തില്‍ തിരുത്തിയെഴുതലുകള്‍ ബാധിച്ചുകൂടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 603 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വിഷയാധിഷ്ഠിത ക്ലാസുകള്‍, പദയാത്രകള്‍, വിവിധ കലാ സാഹിത്യ മത്സരങ്ങള്‍, മാധ്യമ സെമിനാറുകള്‍ തുടങ്ങി കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളിലും നവോത്ഥാനത്തിന്റെ സന്ദേശം എത്തിക്കുന്ന പരിപാടികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെയെല്ലാം പങ്കാളിത്തത്തോടുകൂടിയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആഘോഷപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് വൈക്കത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചേര്‍ന്നു നിര്‍വഹിക്കും. സ്വാഗതസംഘ രൂപീകരണയോഗത്തില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ എസ് സുബ്രഹ്‌മണ്യന്‍, ജില്ലാ കലക്ടര്‍ പി.കെ ജയശ്രീ, നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, സിപിഎം ജില്ലാ സെക്രട്ടറി എ.വി റസ്സല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ഷാജി എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ (രക്ഷാധികാരി), മന്ത്രി വി.എന്‍ വാസവന്‍ (ചെയര്‍മാന്‍), മന്ത്രി സജി ചെറിയാന്‍ (ജനറല്‍ കണ്‍വീനര്‍), സി.കെ ആശ എംഎല്‍എ (കണ്‍വീനര്‍) എന്നിവരടങ്ങുന്ന വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാനതല സ്വാഗതസംഘവും രൂപീകരിച്ചു.