Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇണ്ടംതുരുത്തി മന ദേശീയ സ്മാരകമായി സംരക്ഷിക്കും: കാനം രാജേന്ദ്രൻ
11/03/2023
സിപിഐ-എഐടിയുസി നേതൃത്വത്തിൽ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് കരുത്തും ഊര്‍ജവും പകര്‍ന്നുനല്‍കിയ വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി മാറിയ ഇണ്ടംതുരുത്തി മന ദേശീയ സ്മാരകമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എഐടിയുസിയും സംരക്ഷിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് പകരാന്‍ അത് അനിവാര്യമാണ്. അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു തുടങ്ങിവെച്ച വിപ്ലവം നമ്മുടെ രാജ്യത്തെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കെല്ലാം ആവേശം പകര്‍ന്നു. ക്ഷേത്രപരിസരത്തുകൂടി പിന്നോക്ക സമുദായക്കാര്‍ക്ക് വഴി നടക്കാനുള്ള സമരമായിരുന്നു വൈക്കം സത്യഗ്രഹം. സമരത്തിന് അനുകൂലമായി ഗാന്ധിജി വന്നിട്ടും പടിക്കുപുറത്തുനിറുത്തിയ ആളാണ് അന്നത്തെ സര്‍വാധികാരിയായിരുന്ന ഇണ്ടംതുരുത്തി നമ്പ്യാതിരി. ഗാന്ധിജിയുടെ ജാതിയായിരുന്നു കാരണം. ഇന്നും ഏറ്റവും സജീവമാണ് ജാതിചിന്ത. ഇത് ഒരു ആധുനിക സമൂഹത്തിന് അപമാനമാണ് എന്നും കാനം പറഞ്ഞു. സിപിഐ-എഐടിയുസി നേതൃത്വത്തില്‍ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദര്‍ശങ്ങളും ദൈവവും പ്രതിഫലിക്കേണ്ടത് നമ്മുടെ കര്‍മങ്ങളിലാണെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. എം.കെ സാനു മാസ്റ്റര്‍ പറഞ്ഞു. അതിന് ഉത്തമ ഉദാഹരണമാണ് വൈക്കത്തുനടന്ന സത്യഗ്രഹം. രാജ്യമൊട്ടാകെ ചലനാത്മകമായി അത് വളര്‍ന്നു. സാഹിത്യത്തെയും സംസ്‌കാരത്തെയും എല്ലാം സത്യഗ്രഹം വലിയതോതില്‍ സ്വാധീനിക്കുകയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കാന്‍ വൈക്കത്തെത്തിയ മഹാത്മാഗാന്ധി ഇണ്ടംതുരുത്തി മന സന്ദര്‍ശിച്ചതിന്റെ 98-ാം വാര്‍ഷികദിനമായ ഇന്നലെ വൈകിട്ട് മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സി. അംഗം സി.കെ ശശിധരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, അഡ്വ. വി.കെ സന്തോഷ് കുമാര്‍, ഒ.പി.എ സലാം, ജില്ലാ അസി. സെക്രട്ടറിമാരായ ജോണ്‍ വി ജോസഫ്, മോഹനന്‍ ചേന്ദംകുളം, എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍, സിപിഐ ജില്ലാ എക്സി. അംഗങ്ങളായ കെ അജിത്ത്, ഇ.എന്‍ ദാസപ്പന്‍, സി.കെ ആശ എംഎല്‍എ, മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, സാബു പി മണലൊടി, പി.ജി തൃഗുണസെന്‍ എന്നിവര്‍ പ്രസംഗിച്ചു.