Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഷിക മേഖലയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോക്കം പോകുന്നു: മന്ത്രി പി പ്രസാദ്
07/03/2023
കേരള സ്റ്റേറ്റ് കര്‍ഷകതൊഴിലാളി ഫെഡറേഷന്‍ (ബി.കെ.എം.യു-എ.ഐ.ടി.യു.സി) ജില്ലാ പ്രതിനിധി സമ്മേളനം വൈക്കത്ത് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാർഷിക മേഖലയെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. കേരള സ്റ്റേറ്റ് കർഷകതൊഴിലാളി ഫെഡറേഷൻ (ബികെഎംയു-എഐടിയുസി) ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർക്കും കർഷക തൊഴിലാളികൾക്കും അനുകൂലമായ രീതിയിൽ കാർഷിക മേഖല പരിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല. കേന്ദ്ര ബജറ്റിൽ കാർഷിക മേഖലക്കുള്ള വിഹിതം കുറച്ച് കോർപ്പറേറ്റുകൾക്ക് അനുകൂലമായ നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ കേരളം എല്ലാകാലത്തും കർഷകരോടൊപ്പമാണ്. കഴിഞ്ഞ ബജറ്റിലും സംസ്ഥാന സർക്കാർ കാർഷിക മേഖലയ്ക്ക് അർഹമായ പരിഗണന നൽകിയെന്നും പി പ്രസാദ് കൂട്ടിച്ചേർത്തു.
ഇണ്ടംതുരുത്തി മനയിലെ കെ ചെല്ലപ്പൻ നഗറിൽ നടന്ന സമ്മേളനത്തിൽ സൗദാമിനി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ബികെഎംയു സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി പി സുഗതൻ, ജില്ലാ സെക്രട്ടറി ജോൺ വി ജോസഫ്, സിപിഐ ജില്ലാ എക്‌സി. അംഗങ്ങളായ ഇ.എൻ ദാസപ്പൻ, കെ അജിത്ത്, മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, സാബു പി മണലൊടി, അസി. സെക്രട്ടറിമാരായ പി പ്രദീപ്, കെ.എസ് രത്നാകരൻ, സി.കെ ആശ എംഎൽഎ, എഐവൈഎഫ് ജില്ലാ സെക്രട്ടറി പി.ആർ ശരത് കുമാർ, പി.ജി ത്രികുണസെൻ, വി.വൈ പ്രസാദ്, വി. ലക്ഷമണൻ, പി.എസ് പുഷ്‌കരൻ എന്നിവർ പ്രസംഗിച്ചു.
ബികെഎംയു പുതിയ ഭാരവാഹികളായി ടി.ബി ബിജു (പ്രസിഡന്റ്), പി.ജി തൃഗുണസെൻ, കെ ലക്ഷ്മണൻ, പി.എസ് പുഷ്‌കരൻ, ധനപതി പൊടിയൻ (വൈസ് പ്രസിഡന്റുമാർ), ജോൺ വി ജോസഫ് (സെക്രട്ടറി), റോബിൻ ജോസഫ്, കെ.ടി അനിൽകുമാർ, പി.കെ ഗോപി, ബിന്ദു രാജേഷ് (ജോയിന്റ് സെക്രട്ടറിമാർ), വി.വൈ പ്രസാദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.