Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കർഷക തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ: ചിറ്റയം ഗോപകുമാർ
05/03/2023
കേരള സ്റ്റേറ്റ് കർഷകതൊഴിലാളി ഫെഡറേഷൻ (ബികെഎംയു-എഐടിയുസി) ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം വൈക്കത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സമൂഹത്തിന്റെ പിന്നണിയിൽ കിടന്ന കർഷക തൊഴിലാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കേരള സ്റ്റേറ്റ് കർഷകതൊഴിലാളി ഫെഡറേഷൻ (ബികെഎംയു-എഐടിയുസി) ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്കായി ആദ്യമായി സമരം നടത്തിയത് അയ്യങ്കാളി ആയിരുന്നു. അതിന്റെ തുടർച്ചയായാണ് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കർഷക തൊഴിലാളികളെ ചേർത്തുപിടിച്ചത്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിച്ചത് നടപ്പിലാക്കിയത് എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴാണെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.
രാജ്യത്തെ കർഷക തൊഴിലാളികൾ അടക്കമുള്ളവർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ബികെഎംയുവും എഐടിയുസിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ആണ്. അതിന്റെ ഫലമാണ് ആദ്യ യുപിഎ സർക്കാർ പൊതുമിനിമം പരിപാടിയിൽ ഉൾപ്പെടുത്തി പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ബജറ്റിൽ തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചും തൊഴിലാളികളെ ജാതീയമായി വേർതിരിച്ചും അവകാശങ്ങൾ നിഷേധിച്ചും പദ്ധതിയെ തന്നെ തകർക്കാനുള്ള നീക്കമാണ് നടത്തുന്നത്. എന്നാൽ രാജ്യത്താദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് രൂപീകരിച്ച് അവരെ ചേർത്തുപിടിക്കുകയാണ് എൽഡിഎഫ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ എംഎൽഎ കെ അജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ബികെഎംയു സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി പി സുഗതൻ, ജില്ലാ സെക്രട്ടറി ജോൺ വി ജോസഫ്, എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എൻ രമേശൻ, സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാർ, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാർ, സി.കെ ആശ എംഎൽഎ, സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി പി പ്രദീപ്, ബികെഎംയു മണ്ഡലം പ്രസിഡന്റ് പി.എസ് പുഷ്‌കരൻ, എന്നിവർ പ്രസംഗിച്ചു. ഞായറാഴ്ച ഇണ്ടംതുരുത്തി മനയിൽ ചേരുന്ന പ്രതിനിധി സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.