Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പദയാത്രയ്ക്ക് വൈക്കത്ത് സ്വീകരണം നല്‍കി
21/02/2023
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന സംസ്ഥാനതല പദയാത്രയ്ക്ക് വൈക്കം ഇണ്ടംതുരുത്തി മനയില്‍ നല്‍കിയ സ്വീകരണം.

വൈക്കം: 'ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവ കേരളത്തിന്' എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന കേരള പദയാത്രയ്ക്ക് ഇണ്ടംതുരുത്തി മനയില്‍ സ്വീകരണം നല്‍കി. ജാതീയത തൂണിലും തുരുമ്പിലും പിടിച്ചുനിന്ന കാലത്ത് ഗാന്ധിജിക്കുപോലും പ്രവേശനം നിഷേധിച്ച, കാലപ്രയാണത്തില്‍ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായി മാറിയ ഇണ്ടംതുരുത്തി മനയില്‍ പദയാത്രക്ക് ആവേശകരമായ വരവേല്‍പാണ് ലഭിച്ചത്. യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, പി സുഗതന്‍, എം.ഡി ബാബുരാജ്, സാബു പി മണലൊടി, ഡി രഞ്ജിത് കുമാര്‍, എന്‍ അനില്‍ ബിശ്വാസ്, കെ വേണുഗോപാല്‍, മായാ ഷാജി, സജീവ് ബി ഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാട്ടിക്കുന്നില്‍നിന്നും വൈക്കം വരെ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപിയും അണിചേര്‍ന്നത് ജാഥാംഗങ്ങളെ ആവേശഭരിതരാക്കി.
ജില്ലാ അതിര്‍ത്തിയായ പൂത്തോട്ടയില്‍ നിന്ന് കോട്ടയം ജില്ലാ സെക്രട്ടറി എസ്.എ രാജീവ് പദയാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് ചെമ്പ് കാട്ടിക്കുന്ന്, കൂട്ടുമ്മേല്‍ എന്നിവിടങ്ങളില്‍ പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖ വാങ്ങിയാണ് ജാഥയെ സ്വീകരിച്ചത്. കാട്ടിക്കുന്നില്‍ ലൈബ്രറി പ്രസിഡന്റ് സി ആര്‍ പുരുഷോത്തമനും, കൂട്ടുമ്മേല്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലിലയും അധ്യക്ഷത വഹിച്ചു.
പദയാത്ര വൈക്കം ബീച്ചില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്ടന്‍ ഡോ കെ.വി കുഞ്ഞികണ്ണന്‍, ജാഥ വൈസ് ക്യാപ്ടന്‍ ബി.രമേശ്, മാനേജര്‍ പി രമേഷ്‌കുമാര്‍, അസി. മാനേജര്‍ എല്‍ ശൈലജ, ജനറല്‍ സെക്രട്ടറി ജോജി കൂട്ടുമ്മല്‍, ജില്ലാ പ്രസിഡന്റ് സി ശശി, സിസ്റ്റര്‍ ലൂസി കളപുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പദയാത്രയ്ക്കെപ്പം പരിഷത്ത് കലാഗ്രൂപ്പിന്റെ കലാജാഥയും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ വൈക്കത്തുനിന്നും പുനരാരംഭിച്ച ജാഥ തലയാഴം, വെച്ചൂര്‍, അംബികാമാര്‍ക്കറ്റ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. ഡോ. അരുണ്‍കുമാര്‍ ക്യാപ്റ്റനായ ജാഥയാണ് തിങ്കളാഴ്ച പര്യടനം നടത്തിയത്.