Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കെ ചന്ദ്രപ്പന്‍ സ്മാരക വോളിബോള്‍ ടൂര്‍ണമെന്റ് ഇന്നു സമാപിക്കും
19/02/2023
എഐവൈഎഫ് നേതൃത്വത്തില്‍ തലയാഴത്ത് നടക്കുന്ന സി.കെ ചന്ദ്രപ്പന്‍ സ്മാരക അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വോളിബോളിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ വൈക്കത്തിന് ആവേശമായി മാറിയ മൂന്നാമത് സി.കെ ചന്ദ്രപ്പന്‍ സ്മാരക അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റ് ഞായറാഴ്ചസമാപിക്കും. എഐവൈഎഫ് തലയാഴം നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തോട്ടകം വളഞ്ഞമ്പലം എം.പി സാനു ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്നു രാത്രി എട്ടിന് സെന്റ് ജോര്‍ജ് കോളേജ് അരുവിത്തറയും സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരിയും തമ്മില്‍ ഏറ്റുമുട്ടും. ഫൈനലിനുമുന്നോടിയായി വൈകിട്ട് ആറിന് അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി, അല്‍ഫോന്‍സ കോളേജ് പാലാ എന്നീ വനിതാ ടീമുകളുടെ പ്രദര്‍ശന മത്സരവും അരങ്ങേറും. കായികലഹരി യുവതയുടെ ഭാവിയ്ക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള ടൂര്‍ണമെന്റ് യുവതലമുറയെ മദ്യമയക്കുമരുന്ന് ലഹരിയില്‍നിന്നും കായിക ലഹരിയിലേക്ക് ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്.
ശനിയാഴ്ചത്തെ സെമി ഫൈനല്‍ മത്സരങ്ങള്‍ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോന്‍ ഉദ്ഘാടനം ചെയ്തു. പി.എസ് പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവ് പി.ജെ ജോസഫ്, മുന്‍വോളിബോള്‍ പരിശീലകരായ വിപിനചന്ദ്രന്‍ നായര്‍, ഷംസുദ്ദീന്‍ എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. മുന്‍എംഎല്‍എ കെ അജിത്ത്, ഇ.എന്‍ ദാസപ്പന്‍, പി സുഗതന്‍, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം, മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍, എസ് ഹരിക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.
ഞായറാഴ്ചത്തെ മത്സരങ്ങള്‍ വൈകിട്ട് 5.15ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി വൈസ് ചെയര്‍പേഴ്സണ്‍ എം.എസ് ധന്യ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍ ടോം ജോസ് എന്നിവര്‍ മുഖ്യാതിഥിയാകും. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്സി. അംഗങ്ങളായ ടി.എന്‍ രമേശന്‍, കെ അജിത്ത്, മണ്ഡലം അസി. സെക്രട്ടറി പി പ്രദീപ്, ബെന്നി തോമസ്, വി.എന്‍ ഹരിയപ്പന്‍, കെ.എ കാസ്ട്രോ, മായാ ഷാജി എന്നിവര്‍ പങ്കെടുക്കും. രാത്രി 9.30ന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും റവന്യു മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. സംഘാടകസമിതി ചെയര്‍മാന്‍ എ.സി ജോസഫ് അധ്യക്ഷത വഹിക്കും.