Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിതൃ പുത്ര സംഗമത്തിന്റെ ദര്‍ശന സാഫല്യം നുകര്‍ന്ന് കുംഭാഷ്ടമി ആഘോഷം
14/02/2023
ഉദയനാപുരം ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച കുംഭാഷ്ടമി എഴുന്നള്ളിപ്പ് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍.

വൈക്കം: ഹരഹര നമഃശിവായ മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പിതൃ പുത്ര സംഗമത്തിന്റെ ദര്‍ശന സാഫല്യം നുകര്‍ന്ന് കുംഭാഷ്ടമി ആഘോഷം. വൈക്കത്തപ്പന്‍ പുത്രനായ ഉദയനാപുരത്തപ്പന്‍ എന്നിവരെ ഒന്നിച്ചു കണ്ടുദര്‍ശനം തേടാന്‍ ആയിരങ്ങളാണ് തിങ്കളാഴ്ച വൈക്കം ക്ഷേത്ര മുറ്റത്തും, വാഴമന റോഡിലും എത്തിച്ചേര്‍ന്നത്. ആണ്ടിലൊരിക്കല്‍ നാടു കാണാനായി വൈക്കത്തപ്പന്‍ പുത്രസമേതം എഴുന്നള്ളുന്നു എന്ന വിശ്വാസത്തിലാണ് കുംഭാഷ്ടമി ആഘോഷിച്ചത്.
വൈകിട്ടോടെ ഉദയനാപുരം ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച കുംഭാഷ്ടമി എഴുന്നള്ളിപ്പ് വൈക്കത്ത് എത്തിയപ്പോള്‍ മകനായ ഉദയനാപുരത്തപ്പനെ വൈക്കത്തപ്പന്‍ തന്റെ സ്ഥാനം നല്‍കി സ്വീകരിച്ചു. ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി കുലവാഴകള്‍ കെട്ടിയലങ്കരിച്ച വീഥിയിലൂടെ കിഴക്കോട്ട് എഴുന്നള്ളി. റോഡിന്റെ ഇരുവശവും എണ്ണവിളക്കിന്റെ ദീപ പ്രഭയും അസ്തമയ സൂര്യന്റെ ശോഭയും ധൂപ കര്‍പ്പൂരാദികളുടെ സുഗന്ധവും എഴുന്നള്ളിപ്പിനെ ഭക്തിസാന്ദ്രമാക്കി. ഗജരാജാക്കന്‍മാരായ ചൈത്രം അച്ചു ഉദയനാപുരത്തപ്പന്റെയും, തടത്താവിള രാജശേഖരന്‍ വൈക്കത്തപ്പന്റെയും തിടമ്പേറ്റി. തിരുവാഴപ്പള്ളി മഹാദേവന്‍, വേണാട്ടുമറ്റം ശ്രീകുമാര്‍ എന്നീ കരിവീരന്മാര്‍ അകമ്പടിയായി. ഇതേ സമയം അടിമ കിടത്താനായി കുരുന്നുകളെയും കൊണ്ട് നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ തടിച്ചുകൂടിയത്. വലിയ വാഴയില നിവര്‍ത്തി അതില്‍ വിശ്വാസത്തോടെ എഴുന്നള്ളിപ്പിന് മുന്‍പില്‍ കിടക്കുന്നതാണ് ചടങ്ങ്.
കിഴക്കേ ഗോപുരം കടന്നു നീങ്ങിയ എഴുന്നള്ളിപ്പിന്, ക്ഷേത്രത്തിന്റെ ചെലവിനായി പണ്ടു നെല്ല് വിളയിച്ചിരുന്ന വാഴമന പാടത്ത് ഭക്തരുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. പണ്ട് കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും വിശ്രമിച്ചിരുന്ന വാഴമന കൊട്ടാരം, കൂര്‍ക്കശ്ശേരി, കള്ളാട്ടുശേരി എന്നിവിടങ്ങളില്‍ ഇറക്കി പൂജയും നിവേദ്യവും നടത്തിയ ശേഷമാണ് തിരിച്ച് എഴുന്നള്ളിപ്പ് ആരംഭിച്ചത്.

എഴുന്നള്ളിപ്പിന് പ്രൗഢഗംഭീരമായ വരവേല്‍പ്പ്

നാടു കണ്ട് തിരിച്ചെഴുന്നള്ളിയ ഉദയനാപുരത്തപ്പനെയും വൈക്കത്തപ്പനെയും വാഴമന, ആറാട്ടുകുളങ്ങര, സൊസൈറ്റിപ്പടി എന്നിവിടങ്ങളില്‍ ദീപാലങ്കാരങ്ങളും നിറപറയും ഒരുക്കിയാണ് വരവേറ്റത്. വെടിക്കെട്ടും പുഷ്പാലങ്കാരവും വരവേല്‍പിനു മിഴിവേകി. മരുത്തോര്‍വട്ടം ബാബുവും സംഘവും ഒരുക്കിയ നാദസ്വര മേളം ഭക്തര്‍ക്ക് ശ്രവ്യാനുഭവം സമ്മാനിച്ചു. ആറാട്ടുകുളങ്ങരയില്‍ എത്തിയപ്പോള്‍ സ്വര്‍ണ കുടയും, ആലവട്ടം വെഞ്ചാമരവും എഴുന്നള്ളിപ്പിന് രാജകീയ പ്രൗഢി നല്‍കി. വരവേല്‍പ് ഏറ്റുവാങ്ങി തിരികെ വൈക്കം ക്ഷേത്രത്തിലെത്തിയ ശേഷം പ്രദക്ഷിണം പൂര്‍ത്തിയാക്കി വൃശ്ചിക അഷ്ടമിയുടെ സമാനമായി ഇരുഎഴുന്നള്ളിപ്പുകളും പരസ്പരം യാത്ര ചൊല്ലി. ദുഃഖം ദുഃഖഖണ്ഡാര നാഗസ്വര വായന ഭക്തരുടെ കണ്ണുകളെ ഈറനണിയിച്ചു. ഉദയനാപുരത്തപ്പന്‍ തിരിച്ച് ഉദയനാപുരം ക്ഷേത്രത്തില്‍ എത്തിയതോടെ കുംഭാഷമി എഴുന്നള്ളിപ്പ് പൂര്‍ത്തിയായി. കഴിഞ്ഞ 12ദിവസങ്ങളായി ക്ഷേത്രത്തില്‍ നടത്തിവന്നിരുന്ന ചിറപ്പ് ഉത്സവവും സമാപിച്ചു.

ശ്രദ്ധനേടി മിഴാവില്‍ തായമ്പക

കൂത്തിലും കൂടിയാട്ടത്തിലും കേന്ദ്രസ്ഥാനം അലങ്കരിക്കുന്ന മിഴാവിനെ ഉപാസിച്ചു കൊണ്ടുള്ള സ്വതന്ത്ര ആവിഷ്‌കാരമായ മിഴാവില്‍ തായമ്പകയുടെ അവതരണം ആസ്വാസദ ശ്രദ്ധനേടി. കലാമണ്ഡലം ശ്രീനാഥും സംഘവുമാണ് കലാമണ്ഡപത്തില്‍ മിഴാവില്‍ തായമ്പക അവതരിപ്പിച്ചത്. പതികാലത്തില്‍ തുടങ്ങി കൊട്ടിപ്പെറുക്കി കലാശിച്ചപ്പോള്‍ കൈക്കരുത്തിന്റെ പുതിയ ആസ്വാദന വഴിക്ക് ഭക്തര്‍ക്ക് അരങ്ങ് നല്‍കുകയായിരുന്നു.