Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
21
September  2024
Saturday
DETAILED NEWS
അനധികൃത കക്കാ ഖനനം സഹകരണസംഘങ്ങളെ പ്രതിസന്ധിയിലാക്കി
10/11/2017
കക്കാ സംഘങ്ങളില്‍ കെട്ടിക്കിടക്കുന്ന കക്കാത്തോട്.

വൈക്കം: അനധികൃത കക്കാ ഖനനം സഹകരണസംഘങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. സംഘങ്ങളുടെ പ്രവര്‍ത്തനം വലിയ കുഴപ്പങ്ങളിലായിട്ടും അധികാരികള്‍ക്ക് ഒരു കുലുക്കമില്ല. ലക്ഷങ്ങളുടെ കക്കാത്തോട് വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കിടക്കുന്നതാണ് സംഘങ്ങളെയും ആയിരക്കണക്കിനു തൊഴിലാളികളേയും വഴിയാധാരമാക്കിയിരിക്കുന്നത്. ഈ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ വേണമെന്ന് സംഘങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല. സിമന്റ് നിര്‍മാണ കമ്പനികള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരത്തെ കക്കാത്തോട് വാങ്ങിയിരിന്നു. ഈ കാലത്ത് കക്കയ്ക്ക് വന്‍ ഡിമാന്‍ഡായിരുന്നു. ഇപ്പോള്‍ കമ്പനികള്‍ ആരും ഇതു വാങ്ങാന്‍ എത്തുന്നില്ല. കൃഷിഭവനുകളും കക്കാനീറ്റുന്ന ചൂളകളില്‍ നിന്ന് വന്‍തോതില്‍ നീറ്റുകക്ക നേരത്തെ വാങ്ങിയിരുന്നു. കല്‍ക്കട്ടയില്‍ നിന്നും ചുണ്ണാമ്പു കല്ല് വ്യാപകമായി ഇറക്കുമതി ചെയ്തതോടെയാണ് കക്കാ മേഖലയുടെ നട്ടെല്ല് ഒടിഞ്ഞതെന്ന് തൊഴിലാളികള്‍ പറയുന്നു. സര്‍ക്കാര്‍ വ്യവസായ സ്ഥാപനങ്ങള്‍ സംഘങ്ങളില്‍ നിന്ന് കക്കാത്തോട് വാങ്ങണമെന്ന് പറയുന്നുണ്ടെങ്കിലും പേരിനു മാത്രം വാങ്ങി ബാക്കി സ്വകാര്യ സംരംഭകരില്‍ നിന്നും എടുക്കും. ഇത് സംഘങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. കക്കാമേഖലയുടെ പ്രതിസന്ധി ടി.വി.പുരം പഞ്ചായത്തിനെയാണ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ കക്കാഖനനത്തിലൂടെ വരുമാനം പറ്റിയിരുന്ന തൊഴിലാളികള്‍ പലരും ഇന്നും ഈ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍കൊണ്ട് ഒരു വള്ളം നിറയെ കക്കാ വാരിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ദിവസം മുഴുവന്‍ കായലില്‍ മുങ്ങിത്താണാല്‍ മാത്രമാണ് മുക്കാല്‍ വള്ളം കക്കയെങ്കിലും ലഭിക്കുന്നത്. മുന്‍കാലങ്ങളില്‍ ജോലിഭാരം കുറവും വരുമാനലഭ്യത കൂടുതലുമായിരുന്നു. ഇപ്പോള്‍ ജോലിഭാരം കൂടുകയും വരുമാനലഭ്യത ഇല്ലാതാവുകയും ചെയ്തു. വൈക്കം ലൈംഷെല്‍ സഹകരണസംഘത്തിന്റെ ലീസ് ഏരിയയില്‍പ്പെട്ട പ്രദേശത്തുനിന്ന് അനധികൃതമായി കൊല്ലി ഉപയോഗിച്ച് മണ്ണും കക്കയും സ്വകാര്യവ്യക്തികള്‍ വാരുന്നത് സംഘത്തെയും പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഇത് കായലില്‍ വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് കക്കാ മത്സ്യസമ്പത്തിന്റെ വംശനാശത്തിന് ഇടയാക്കും. ഈ സാഹചര്യത്തില്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വൈക്കം ലൈംഷെല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ഡി.ബാബു, ലൈംഷെല്‍ സഹകരണസംഘം പ്രസിഡന്റ് ഡി.ബിനോയ് എന്നിവര്‍ അധികാരികള്‍ക്ക് നിവേദനം നല്‍കി. വേമ്പനാട്ടുകായലില്‍ നടക്കുന്ന നിയമവിരുദ്ധനടപടി അവസാനിപ്പിക്കാന്‍ ശക്തമായ നടപടി ഉണ്ടാകണമെന്ന് നിവേദനത്തില്‍ പറയുന്നു. റോയല്‍റ്റി, സെയില്‍സ് ടാക്‌സ്, ജി.എസ്.ടി ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപ സര്‍ക്കാരിലേക്ക് അടച്ച് തൊഴിലാളികളുടെ സംഘം വ്യവസായം നടത്തുമ്പോള്‍ സ്വകാര്യവ്യക്തികള്‍ നടത്തുന്ന അനധികൃത കക്കാവാരല്‍ സര്‍ക്കാരിന് ഭീമമായ നഷ്ടമാണ് വരുത്തിവെക്കുന്നത്. നികുതിവെട്ടിപ്പിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ച് കയ്യേറ്റക്കാരുടെ പേരില്‍ കേസ് എടുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.