Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
ആയിരക്കണക്കിന് രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയില്‍ നിര്‍മാണ ജോലികള്‍ ഏറെ നടക്കുന്നുണ്ടെങ്കിലും ഒരു ഗുണവും ലഭിക്കാതെ രോഗികള്‍.
20/01/2018
പണി പൂര്‍ത്തീകരിച്ചിട്ടും ഉപയോഗശൂന്യമായി കിടക്കുന്ന താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍ കെട്ടിടം.

വൈക്കം: ആയിരക്കണക്കിന് രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയില്‍ നിര്‍മാണ ജോലികള്‍ ഏറെ നടക്കുന്നുണ്ടെങ്കിലും ഒരു ഗുണവും ലഭിക്കാതെ രോഗികള്‍. കാലം മാറിയതറിയാതെയുള്ള പണികളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ലക്ഷങ്ങളും കോടികളും വാരിക്കോരി ഒഴുക്കി പണികള്‍ നടത്തുമ്പോള്‍ ഗുണപ്പെടുന്നത് കരാറുകാര്‍ക്കും ഇവരെ വലംവെക്കുന്ന ചില സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ക്കുമാണ്. കാലങ്ങളായി ഇതുതന്നെയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പി.നാരായണന്‍ എം.എല്‍.എ ആയിരുന്ന കാലത്ത് കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കെട്ടിടം പണി കഴിപ്പിക്കുവാന്‍ ഫണ്ട് അനുവദിക്കുകയും പണികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ നിര്‍മാണജോലികള്‍ പാതിവഴിയില്‍ നിലച്ചു. പാതിവഴിയില്‍ നിലച്ച കെട്ടിടം ഇന്നും ദുഃഖബിന്ദുവായി നിലകൊള്ളുന്നു. അന്നുതുടങ്ങിയ ആശുപത്രിയുടെ ശനിദിശ ഇന്നും തുടര്‍ന്നുപോവുകയാണ്. കാരണം ഇതിനുശേഷം നിര്‍മിച്ച കെട്ടിടങ്ങളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായ കെട്ടിടത്തിലാണ് അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്നത്. മഴക്കാലമായാല്‍ കെട്ടിടങ്ങള്‍ ചോര്‍ന്നൊലിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി നശിക്കുന്നത്. ആശുപത്രിയുടെ പ്രധാന ചുമതല വഹിക്കുന്ന നഗരസഭ പല വികസന പദ്ധതികളും നഗരത്തില്‍ നടപ്പിലാക്കിയിട്ടും ആശുപത്രിയെ മാത്രം നേര്‍വഴിയിലാക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
എന്‍.ആര്‍.എച്ച്.എം പ്രോജക്ട് 2012-13 വര്‍ഷത്തെ പ്ലാനില്‍ ഉള്‍പ്പെടുത്തി 2.85 കോടി രൂപ മുടക്കി താലൂക്ക് ആശുപത്രിയില്‍ 2015 ജൂണ്‍ 14ന് പണി തീര്‍ത്ത ഓപ്പറേഷന്‍ തീയറ്റര്‍ കെട്ടിടം ഇന്നും ഉപയോഗശൂന്യമാണ്. ഏറെ കൊട്ടിഘോഷിച്ച് അന്നത്തെ ആരോഗ്യ മന്ത്രിയിരുന്ന വി.എസ് ശിവകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച കെട്ടിടം കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ പ്രധാനം ചെയ്യുന്നതിനു വേണ്ടിയാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ച് അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകളും ഒരു ഒബ്‌സര്‍വേഷന്‍ തീയേറ്ററും അടക്കം പണി തീര്‍ത്തത്. എന്നാല്‍ ഭരണതലത്തിലെ മാറ്റം കാര്യങ്ങള്‍ തകിടം മറിച്ചു. അപര്യാപ്തതകളുടെ നടുവില്‍ വീര്‍പ്പുമുട്ടുന്ന ആശുപത്രിയില്‍ കാര്യക്ഷമമായ രീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാലങ്ങളായി ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെടുന്ന അവസ്ഥയാണ്.
ഓപ്പറേഷന്‍ തീയറ്ററില്‍ എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള പണികള്‍ തീര്‍ന്നെങ്കിലും വൈദ്യുതി കണക്ഷന്‍ മാത്രം ഇനിയും അകലെയാണ്. കഴിഞ്ഞ രണ്ടര വര്‍ഷമായിട്ടും എന്തുകൊണ്ടാണ് വൈദ്യുതി കണക്ഷന്‍ ഇതുവരെ കിട്ടാത്തതെന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. ആശുപത്രിയില്‍ നിന്നും കെ.എസ്.ഇ.ബിയ്ക്ക് നല്‍കാനുള്ള കുടിശിക തുക അടച്ചു തീര്‍ക്കാത്തതിനാലാണ് പുതിയ ബ്ലോക്കിലേക്കുള്ള കണക്ഷന്‍ നല്‍കാന്‍ കഴിയാത്തതെന്നാണ് അവരുടെ ഭാഷ്യം. മോര്‍ച്ചറിയുടെ ആവസ്ഥ നാളുകള്‍ പിന്നിടുന്തോറും പരിതാപകരമായിക്കൊണ്ടിരിക്കുകയാണ്. മൃതശരീരങ്ങള്‍ സൂക്ഷിക്കേണ്ട ഒരു സൗകര്യവും ഇവിടെയില്ല. നിരവധി തവണ മൃതശരീരങ്ങള്‍ എലിയും തെരുവ് നായ്ക്കളുമെല്ലാം കടിച്ചുകീറിയ സംഭവങ്ങളുമുണ്ട്. മോര്‍ച്ചറിയുടെ നവീകരണത്തിന് എം.പിയും എം.എല്‍.എയുമെല്ലാം ഫണ്ടുകള്‍ അനുവദിച്ചെന്നു പറഞ്ഞ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം കടലാസില്‍ ഉറങ്ങുന്ന അവസ്ഥയാണ്. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് വൈക്കത്തിന് ലഭിച്ച പത്തര കോടി രൂപ മുതല്‍ മുടക്കുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അമ്മയും കുഞ്ഞും പ്രോജക്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇതിനെങ്കിലും ശനിദിശ വിട്ടുമാറണമെന്ന പ്രാര്‍ത്ഥനയിലാണ് ചരിത്രനഗരി. പ്രശ്‌നങ്ങളില്‍ അലംഭാവം വെടിഞ്ഞ് ഉത്തരവാദിത്തപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ജില്ലയില്‍ ഏറ്റവുമധികം രോഗികളെത്തുന്ന ഒരു തീരദേശ താലൂക്ക് ആശുപത്രിയാണിത്. ഇത് ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കളം നിറയുന്നവര്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാനെങ്കിലും സജീവഇടപെടലുകള്‍ നടത്തണമെന്നാണ് ജനകീയ ആവശ്യം.

 


OTHER STORIES
  
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം