Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി വീണ്ടും പൈപ്പുകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആശങ്കയോടെ മറവന്‍തുരുത്ത് പഞ്ചായത്ത്.
17/11/2017

വൈക്കം: ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി വീണ്ടും പൈപ്പുകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആശങ്കയോടെ മറവന്‍തുരുത്ത് പഞ്ചായത്ത്. നിലവിലെ ഭീമന്‍ പൈപ്പിനുപുറമെ വീണ്ടും മറ്റൊരു പൈപ്പുകൂടി സ്ഥാപിക്കുന്നതിനാണ് പഞ്ചായത്തിലെ ചുങ്കം മുതല്‍ ചാലുംകടവ് വരെയുള്ള റോഡ് വീണ്ടും പൊളിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഇതിനു തീരുമാനമായത്. എന്നാല്‍ മറവന്‍തുരുത്ത് ഗ്രാമത്തിനൊപ്പം വൈക്കം ഒന്നാകെ പ്രതിഷേധസ്വരം ഉയര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തീരുമാനം നടപ്പിലാക്കുവാന്‍ ചില കോണുകളില്‍നിന്ന് ശബ്ദമുയര്‍ന്നു. ഇതിനെതിരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയം മറന്ന് എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കി. എന്നാല്‍ മന്ത്രിസഭയില്‍ നിര്‍ണായകസ്വാധീനമുള്ള മൂന്ന് ശക്തികള്‍ പൈപ്പുലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി ചരടുവലികള്‍ നടത്തി. ഇതോടെ മറവന്‍തുരുത്തിന്റെ പ്രതിഷേധം വെള്ളത്തിലാവുകയും പണികള്‍ ആരംഭിക്കുന്നതിനുള്ള കാര്യങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയും ചെയ്തു. പണികള്‍ക്കുവേണ്ടിയുള്ള ഭീമന്‍ പൈപ്പുകള്‍ മറവന്‍തുരുത്തില്‍ എത്തിച്ചുകഴിഞ്ഞു. പഞ്ചായത്തിന് ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്ത പദ്ധതി വീണ്ടും എത്തുമ്പോള്‍ ഒരുകാലത്ത് അനുഭവിച്ച ദുരിതവശങ്ങള്‍ വീണ്ടും അനുഭവിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. ഇതില്‍ ഏക ആശ്വാസം വെള്ളൂര്‍ പഞ്ചായത്തിനുമാത്രമാണ്. കാരണം പദ്ധതിയുടെ തലച്ചോറ് സ്ഥിതി ചെയ്യുന്ന വെള്ളൂര്‍ പഞ്ചായത്തിലെ ഒരു ഭാഗത്തും പുതിയ പൈപ്പുലൈന്‍ സ്ഥാപിക്കുന്നില്ല. മറവന്‍തുരുത്ത് പഞ്ചായത്തിലാണ് അടിക്കടി പൈപ്പുലൈന്‍ പൊട്ടുന്നത്. പദ്ധതി കമ്മീഷന്‍ ചെയ്തതിനുശേഷം ഏകദേശം പതിനാറിലധികം തവണ പൈപ്പുലൈനുകള്‍ പൊട്ടിയൊലിച്ചിരുന്നു. എല്ലായ്‌പ്പോഴും ടോള്‍-പാലാംകടവ് റോഡിലാണ് പൈപ്പുലൈനുകള്‍ പൊട്ടിയിരുന്നത്. നിലവാരമില്ലാത്ത പഴയ പൈപ്പുലൈനുകള്‍ മാറ്റുന്നതിനുവേണ്ടിയാണ് പുതിയ പണികള്‍ എന്നു പറയുന്നുണ്ടെങ്കിലും ഇതിനു വ്യക്തതയില്ല. പുതിയ ലൈന്‍ സ്ഥാപിച്ച് കൂടുതല്‍ ശക്തിയോടെ വെള്ളം ആലപ്പുഴ ജില്ലയിലേക്ക് പമ്പ് ചെയ്യുക എന്നതാണ് പുതിയ പൈപ്പ് സ്ഥാപിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ തന്നെ മാലിന്യപ്രശ്‌നത്താലും മറ്റും പൊറുതിമുട്ടിയിരിക്കുന്ന മൂവാറ്റുപുഴയാറിനെ കൊന്നുതിന്നാനേ ഈ പണികള്‍ കൊണ്ട് സാധിക്കുകയുള്ളൂ. മൂവാറ്റുപുഴയാറിന്റെ സംരക്ഷണത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട സംഘടനകളെല്ലാം തന്നെ ഈ വിഷയത്തില്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അതുപോലെ സ്വകാര്യവ്യക്തികളുടെ കൈകളിലേക്കെത്താന്‍ വെമ്പിക്കൊണ്ടിരിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമായ ന്യൂസ്പ്രിന്റ് ഫാക്ടറിക്കും വലിയ വെല്ലുവിളിയാണ് പദ്ധതി ഉണ്ടാക്കാന്‍ പോകുന്നത്. ഒരു കാലത്തും ഓരുവെള്ളം മൂവാറ്റുപുഴയാറിന് ഭീഷണി ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായതോടെ മൂവാറ്റുപുഴയാര്‍ കടുത്ത ഓരുവെള്ള ഭീഷണിയില്‍ അകപ്പെട്ടു. ഇത് മണ്ഡലത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളെയും പ്രതിസന്ധിയിലാക്കി. വേനല്‍ കടുക്കുമ്പോള്‍ വാഴ, പച്ചക്കറി, കപ്പ, ജാതി കര്‍ഷകരെല്ലാം ഓരുവെള്ള ഭീഷണിയില്‍ അകപ്പെടുകയും ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. ആലപ്പുഴ ജില്ലക്ക് കുടിവെള്ളം ലഭിക്കുന്നതിനാണ് പദ്ധതിയെന്ന് അവകാശപ്പെടുന്നവര്‍ മറ്റൊരു ജില്ലയ്ക്ക് നാശം വിതച്ച് ജലം ഊറ്റിക്കൊണ്ടു പോകുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ വെറുംകണ്ണോടെ വിസ്മരിക്കുകയാണ്. ഇവിടെ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളെല്ലാം രാഷ്ട്രീയ വൈര്യം മറന്ന് അണിനിരക്കണമെന്നതാണ് നാടിന്റെ ആവശ്യം.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി