Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
20
April  2024
Saturday
DETAILED NEWS
നവരാത്രിയെ വരവേല്‍ക്കാന്‍ വടയാര്‍ സമൂഹത്തില്‍ ബൊമ്മക്കൊലു ഒരുങ്ങി.
21/09/2017
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വടയാര്‍ സമൂഹം ഹാളില്‍ ഒരുക്കിയ ബൊമ്മക്കൊലു.

വൈക്കം: തമിഴ് ബ്രാഹ്മണര്‍ തിങ്ങിപാര്‍ക്കുന്ന അഗ്രഹാരങ്ങളിലെ സ്മരണകളുണര്‍ത്തി നവരാത്രിയെ വരവേല്‍ക്കാന്‍ വടയാര്‍ സമൂഹത്തില്‍ ബൊമ്മക്കൊലു ഒരുങ്ങി. സമൂഹം നാലുകെട്ടില്‍ ഒന്‍പതുതട്ടുകളിലായാണ് ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. ചുറ്റും മനോഹരമായി അലങ്കരിച്ച കൊച്ചുബൊമ്മകള്‍ കാണാം. ഗണപതി, കൃഷ്ണന്‍, സരസ്വതി തുടങ്ങിയ ഈശ്വരരൂപങ്ങളും ഫലങ്ങളുടെ വിവിധയിനം രൂപങ്ങളും വാദ്യോപകരണങ്ങളുമാണ് ബൊമ്മക്കൊലു ഒരുക്കുന്നതിന് ഉപയോഗിച്ചത്്. പഞ്ചഭൂതങ്ങള്‍ ചേര്‍ത്താണ് ബൊമ്മക്കൊലുക്കള്‍ രൂപപ്പെടുത്തിയത്. മണ്ണ് ജലത്തില്‍ കുഴച്ച് അഗ്നിയില്‍ വേവിച്ച് വായുവില്‍ ഉണക്കിയെടുക്കുമ്പോള്‍ പഞ്ചഭൂത സങ്കല്‍പ്പമാകും. പൂജാമുറിയില്‍ 10 ദിവസവും നിവേദ്യം നടത്തും. എല്ലാ ദിവസവും 3 നേരവും പൂജകള്‍ ചെയ്യും. വിദ്യയുടെ ദേവത എന്ന സങ്കല്‍പ്പത്തിലാണ് സരസ്വതിപൂജ. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലായാണ് ദേവിയെ നവരാത്രി ദിനങ്ങളില്‍ വണങ്ങുന്നത്. ദേവിയെ ആദ്യദിവസം കുമാരിയായും രണ്ടാം ദിവസം രാജരാജേശ്വരിയായും മൂന്നാം ദിവസം കല്ല്യാണിയായും നാലാം ദിവസം മഹാലക്ഷ്മിയായും അഞ്ചാം ദിവസം ഇന്ദ്രാണിയായും ആറാം ദിവസം ചണ്ഡികയായും ഏഴാം ദിവസം ശാംഭവിയായും എട്ടാം ദിവസം ദുര്‍ഗ്ഗയായും ഒന്‍പതാം ദിവസം സുഭദ്രയായും സരസ്വതിയായും സങ്കല്‍പ്പിച്ചാണ് പൂജകള്‍ ചെയ്യുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് നവരാത്രി ദിനങ്ങള്‍ ഏറെ പ്രാധാന്യം. സുമംഗലികള്‍ക്ക് താംബൂലം നല്‍കുന്നതും കന്യകകള്‍ക്ക് വസ്ത്രവും മധുരപലഹാരങ്ങളും നല്‍കുന്നതും പുണ്യമായി കരുതുന്നു. ആഘോഷത്തിന്റെ ഭാഗമായി സംഗീതാരാധനയും നടത്തി വരുന്നു. എല്ലാദിവസവും രാവിലെയും വൈകിട്ടും ലളിതാസഹസ്രനാമാര്‍ച്ചന നടത്തും. നവരാത്രി മണ്ഡപത്തില്‍ സംഗീതജ്ഞരുടെ സംഗീത സദസ്സുകള്‍ നവരാത്രിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ സമൂഹമഠത്തില്‍ പുസ്തകം പൂജയ്ക്ക് വെയ്ക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 8ന് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും . തുടര്‍ന്ന് നന്ദകിഷോര്‍ കാഞ്ഞങ്ങാട്, രാജീവന്‍ നരേന്ദ്രന്‍, റ്റി എസ് നാരായണന്‍ നമ്പൂതിരി സംഘത്തിന്റെ സംഗീതസദസ്സും, ഗായത്രി ഭജനമണ്ഡലി അവതരിപ്പിക്കുന്ന ഭജന്‍സും ഉണ്ടായിരിക്കും. മഹാനവമി ദിനത്തില്‍ വൈക്കത്തപ്പന്‍ സംഗീത സേവാ സംഘം അവതരിപ്പിക്കുന്ന ത്യാഗ രാജ പഞ്ചരത്‌നകീര്‍ത്തന ആലാപനം, 12 മണി മുതല്‍ സംഗീത വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സംഗീതാര്‍ച്ചന, ചേര്‍ത്തല ശിവകുമാര്‍, വൈഷ്ണവി കുമരേശ് എന്നിവരുടെ സംഗീത സദസ്സും നടത്തും. 30ന് വിജയദശമി ദിനത്തില്‍ കിഴിക്കാര്‍ സമൂഹം വാദ്ധ്യാരില്‍ നിന്നും ഗ്രന്ഥക്കെട്ട് ഏറ്റുവാങ്ങുന്ന പരമ്പാരാഗത ചടങ്ങ് നടക്കും. തുടര്‍ന്ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. സമൂഹം പ്രസിഡന്റ് എം.ഈശ്വരയ്യര്‍, സെക്രട്ടറി പി.പത്മനാഭയ്യര്‍, വൈസ് പ്രസിഡന്റ് എം.പി ശര്‍മ്മ, ജോ. സെക്രട്ടറി കൃഷ്ണയ്യര്‍, ഖജാന്‍ജി മറ്റക്കാട്ട് ലക്ഷ്മണയ്യര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന സംഗീതവിദ്യാര്‍ത്ഥികള്‍ സമൂഹം മഠവുമായി ബന്ധപ്പെടണം . 9847318598, 9400729289.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി